Call us on : +91 9446863622 or

logo S.J.U.P.S Narakakkanam

St.Joseph School Narakakkanam

History

History of the School

മഞ്ഞിന്റെ കുളിരണിഞ്ഞ് ഹരിതാഭയുടെ പൊന്നലകളോടെ ദൃശ്യമനോഹാരിതയ്ക്ക് ഒരു കുറവും വരുത്താതെ കുറത്തി മലയുടെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന നാരകക്കാനം എന്ന കൊച്ചുഗ്രാമം. ഈ മലനിരകൾക്ക് അതിമഹത്തായ സാംസ്കാരിക പാരമ്പര്യമുണ്ട്. അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും ഒരു ചരിത്രമുണ്ട്. ഇടുക്കി ആർച്ച് ഡാം മുതൽ തങ്കമണി, മരിയാപുരം, കാൽവരിമൗണ്ട് എന്നീ പ്രദേശങ്ങളോട് അതിർത്തി പങ്കിടുന്ന ഗ്രാമമാണ് നാരകക്കാനം. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന നമ്മുടെ വിദ്യാലയം, ഇളംതലമുറയ്ക്ക് വിജ്ഞാനത്തോടൊപ്പം ആത്മീയ തേജസ്സും ജീവിതദർശനവുമേകുന്ന സെന്റ്. ജോസഫ്സ് യു. പി സ്കൂൾ.

നെഞ്ചുറപ്പുമാത്രം കൈമുതലാക്കി വന്യമൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും പോരാടിയ ഇന്നാട്ടുകാർ തങ്ങളുടെ മക്കൾക്ക് മറ്റെന്തിനേക്കാളും അത്യാവശ്യമുള്ളത് അറിവാണെന്ന് മനസ്സിലാക്കി. അതിനായി 15/08/1964 ൽ വേലു ആശാന്റെ കീഴിൽ ആദ്യം ഒരു ആശാൻകളരി ആരംഭിച്ചു. കുട്ടികളുടെ എണ്ണം കൂടിയപ്പോൾ പള്ളിക്കുവേണ്ടി നിർമ്മിച്ച ഷെഡിൽ 1 ാം ക്ലാസ്സ്‌ ആരംഭിക്കുകയും,1 മുതൽ 4 വരെ ക്ലാസ്സുകളുള്ള ഒരു സ്കൂളായി അത് പ്രവർത്തിക്കുവാനും തുടങ്ങി.1967 ഡിസംബർ 10 ന് പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി ബഹു. മലേക്കുടിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചു.108 അടി നീളവും 20 അടി വീതിയുമുള്ള പുതിയ സ്കൂൾ കെട്ടിടം മാർ മാത്യു പോത്തനാംമുഴി പിതാവ് 1969 മാർച്ച്‌ 8 ന് വെഞ്ചരിച്ച്‌ നാടിനു സമർപ്പിച്ചു.
ഇതേവർഷം ജൂൺ മാസത്തിൽ 1 മുതൽ 6 വരെ ക്ലാസുകളുള്ള ഒരു അൺ എയ്ഡഡ് സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ഈ സ്കൂൾ 1975 ൽ ഒരു എയ്ഡഡ് എൽ. പി സ്കൂൾ ആവുകയും 1979 ജൂൺ മാസത്തിൽ യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു.

നിലവിൽ ശ്രീ.ജോസഫ് എം .ടി സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി ചുമതല വഹിക്കുന്നു. പ്രഥമാദ്ധ്യാപകനോടൊപ്പം 9 അദ്ധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും സേവനമനുഷ്ഠിക്കുന്നു. സേവന സന്നദ്ധതയോടും, ആത്മാർത്ഥതയോടും കൂടിയ ഒരു പി. ടി. എ യും നമ്മോടൊപ്പം പ്രവർത്തിക്കുന്നു.